National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വീണ്ടും നടത്തുന്ന പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.പരീക്ഷയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യാജ ടെലിഗ്രാംചാനലുകൾ നീക്കംചെയ്യാൻ മന്ത്രി നിർദേശം നൽകി.
വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതർക്കൊപ്പം പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ)യിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെറ്റ, ഗൂഗിൾ, ടെലഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളുടെ പ്രതിനിധികളുമായി സമാന്തരമായ അന്വേഷണവും നടത്തി.
കഴിഞ്ഞമാസം മൂന്നിന് നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയത്. അടുത്തമാസം 21 നു വീണ്ടും പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
National
പാറ്റ്ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അനാവശ്യമെന്ന് വിശേഷിപ്പിച്ച് ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കുന്നതിനേക്കാൾ നല്ലത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നതാണെന്ന മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. പെൺകുട്ടികൾ പൊതുപ്രതിഷേധങ്ങൾക്കോ മറ്റോ പുറത്തിറങ്ങുന്നതിന് പകരം വീട്ടിലിരിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന് അവർക്ക് അവകാശമില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, "പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിച്ചുകൊള്ളും" എന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ മറുപടി.
രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ മിഥിലേഷ് തിവാരി ഒരു അധ്യാപകനായിരുന്നു. പാറ്റ്നയിൽ സ്വന്തമായി ഒരു കോച്ചിംഗ് സെന്ററും അദ്ദേഹം നടത്തിയിരുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ വൈകുണ്ഠ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ അദ്ദേഹം 2025-ലെ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. 1990 മുതൽ ബിജെപിയിൽ സജീവമാണ്.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൈക്കിളും യൂണിഫോമും നൽകുന്ന പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനത്താണ് ഒരു വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഇത്തരം പിന്നോക്ക ചിന്താഗതി ഉണ്ടാകുന്നത്. മന്ത്രിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Kerala
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിക്ഷിപ്ത താത്പര്യക്കാരാണ് ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ കര്‍ശന നടപടിയെടുക്കും. കുട്ടികളുടെ പരീക്ഷാപ്പേടിയും ഭീതിയും മാറ്റാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള എല്ലാ സജീകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി 630 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഗള്‍ഫിലെ പരീക്ഷകള്‍ പിന്നീട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 'റോഡ് സേഫ്റ്റി കേഡറ്റ്സ്' പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു. വിദ്യാർത്ഥികളിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും റോഡ് അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.
സ്കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണത്തിൽ കേഡറ്റുകളുടെ പങ്കാളിത്തം ഉറപ്പാക്കുക. ചെറുപ്പത്തിൽ തന്നെ റോഡ് സുരക്ഷാ നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുക. അപകടരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ മുൻനിർത്തി മാറ്റങ്ങൾ കൊണ്ടുവരിക.
വിദ്യാഭ്യാസ വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിൽ റോഡ് സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
Kerala
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപകരോടു ക്രൂരത കാട്ടിയിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.
യോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ ഇല്ലാത്തതാണ് പ്രശ്നം. അടുത്തയാഴ്ച കേസില്‍ വിധി വരുമ്പോള്‍ അതനുസരിച്ച് ഉത്തരവിറക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിടിവാശിയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
രാഹുൽ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
'മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ. ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍.'-വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങൾ ഗൗരവതരമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ തെളിവ് ലഭിച്ചതോ ആയ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി ഉണ്ടാകും. വിജിലൻസിന്റെ തുടർ പരിശോധനകൾക്ക് എല്ലാ പിന്തുണയും നൽകും. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും ഇടനിലക്കാരായി പ്രവർത്തിച്ച റിട്ടയേഡ് ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടികൾ സ്വീകരിക്കും. വകുപ്പ് തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും.
അഴിമതിക്ക് വഴിവച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. അപേക്ഷകൾ വൈകിക്കുന്നതു തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
National
ഭോപ്പാൽ: സാമൂഹ്യ പരിഷ്കർത്താവ് രാജാ റാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമാർ.
ഇന്ത്യൻ സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് ഏജന്റായി റോയ് പ്രവർത്തിച്ചുവെന്നായിരുന്നു അഗർ മാൽവയിലെ ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവേ ഇന്ദർ സിംഗ് പർമാർ പറഞ്ഞത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും റോയിയെടക്കം നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ ‘അടിമകളാക്കിയിരുന്നു’ എന്നും അദ്ദേഹം ആരോപിച്ചു. ഈ തുടർച്ചയെ തകർത്തു ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.
അതേസമയം പർമാറിന്റെ പരാമർശത്തോട് കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്. പർമാറിന്റെ പ്രസ്താവനയെ നാണക്കേടെന്നാണു കോൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത വിളിച്ചത്.
പർമാറിന്റെ ചരിത്രബോധത്തെ ചോദ്യം ചെയ്ത ഭുപേന്ദ്ര ഗുപ്ത, സതി നിർത്തലാക്കൽ ബ്രിട്ടീഷ് ദല്ലാൾ പണിയുടെ ഭാഗമായിരുന്നോ എന്ന് ചോദിച്ചു. ‘ഇത് എന്ത് തരം ദല്ലാൾ പണിയായിരുന്നു?. ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരായിരുന്നവരാണ് ഇന്ന് ഇത് പറയുന്നത്– ഗുപ്ത പറഞ്ഞു.
അതേസമയം, ഇതാദ്യമായല്ല ഇന്ദർ സിംഗ് പർമാർ വിവാദ പരാമർശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്കോഡ ഗാമയല്ലെന്നും വ്യാപാരിയായ ചന്ദൻ എന്നയാളാണെന്നും നമ്മൾ പഠിച്ചത് തെറ്റായ ചരിത്രമാണെന്നും മുൻപ് ഇന്ദർ സിംഗ് പറഞ്ഞിരുന്നു.
ആർഎസ്എസുമായി ബന്ധമുള്ളവർ എഴുതിയതടക്കം 88 പുസ്തകങ്ങൾ ഗവൺമെന്റ്/ സ്വകാര്യ കോളജ് ലൈബ്രറികൾ ഉൾപ്പെടുത്തണമെന്ന് മുൻപ് ഇന്ദർ സിംഗ് പർമാറിന്റെ വകുപ്പ് നിർദേശം നൽകിയതും വിവാദമായിരുന്നു.
District News
പത്തനംതിട്ട: പിഎം ശ്രീ വിഷയത്തിൽ സിപിഎം, ബിജെപി ഡീൽ ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാൻ കെഎസ്യു. നാളെ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നെറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നാളെ സ്പീക്ക് അപ്പ് കാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലതലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർഥികളെ അണി നിർത്തി ലോംഗ് മാർച്ചും സംഘടിപ്പിക്കാൻ മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമിനമായതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിന്റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കേരളത്തിന്റെ മേഖലയെ ആർഎസ്എസിനു തീറെഴുതിയ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻഎസ്യു -ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാതെ രഹസ്യമായി വിദ്യാഭ്യാസമേഖലയെ സംഘപരിവാർ അജൻഡയ്ക്കു തീറെഴുതിയ വിദ്യാഭ്യാസ മന്ത്രി രാജിവച്ച് പൊതുസമൂഹത്തോടു മാപ്പ് പറയണമെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ലോകത്തിനു മാതൃകയായ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ഇടതുസർക്കാർ അധികാരമേറ്റ നാൾ മുതൽ വികലമായ നയങ്ങൾ മൂലം തകർന്നുകൊണ്ടിരിക്കുകയാണ്. പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തിന്റെ പ്രഖ്യാപിത മതേതരമുഖത്തെ ചവിട്ടിത്താഴ്ത്താൻ അവസരമൊരുക്കിയതിന്റെ ഗൂഢലക്ഷ്യം പ്രബുദ്ധകേരളം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ , ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസമന്ത്രി പറയണമെന്ന് മന്ത്രി ജി.ആർ. അനിൽ. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല.
സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം ഏകപക്ഷീയമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ.
മുന്നണി മര്യാദക്ക് കടകവിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവന. ശിവൻകുട്ടിയുടേത് അപക്വമായ ഇടപെടലാണ്. കേന്ദ്രത്തിനെതിരായ സമരങ്ങളെ വിദ്യാഭ്യാസമന്ത്രി ദുർബലപ്പെടുത്തുന്നുവെന്നും ജിസ്മോൻ കുറ്റപ്പെടുത്തി.
പിഎം ശ്രീ നടപ്പാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയിൽ അർഥമില്ല. പണത്തിന് വേണ്ടി നയത്തിന് കീഴ്പ്പെടരുത്.
പിഎം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസനയം ഒളിച്ചുകടത്താനാണ് ശ്രമം. ഐഎഎസ് ഗൂഢാലോചനയാണെന്നും ജിസ്മോൻ കുറ്റപ്പെടുത്തി.